District News
ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ പള്ളി സ്റ്റോപ്പിനരികിൽ ഇറിഗേഷൻ കനാൽ പുറമ്പോക്ക് കൈ യേറി നടത്തുന്ന അനധികൃത കെട്ടിടനിർമാണം നഗരസഭ ചെയർപേഴ്സൻ ആലീസ് ഷിബുവിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരുമെത്തി തടഞ്ഞു. പോലീ സും സ്ഥലത്തെത്തിയിരുന്നു. നേരത്തെ രണ്ട് പ്രാവശ്യം അനധികൃത നിർമാണം നിർത്തിവയ് ക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കെട്ടിട ഉടമയ്ക്കു നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതുവകവയ്ക്കാതെ കെട്ടിട നിർമാണവും ഷോപ്പുനിർമാണവും നടത്തിവരികയായിരുന്നു.
കഴിഞ്ഞദിവസം ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും വീണ്ടും നിർമാണം നടത്തുന്ന വിവരം അറിഞ്ഞാണു ചെയർപേഴ്സണും കൗൺസിലർമാരും ഒന്നടങ്കം എത്തി നിർമാണം തടഞ്ഞത്. ഇതിനുമുൻപ് പ്രതിപക്ഷനേതാവ് ജിൽ ആന്റണിയുടെ നേതൃത്വത്തിൽ ഇവിടെ പ്രതിക്ഷേധ സമരം നടത്തിയിരുന്നു. നിലവിലുള്ള കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിലും ഇറിഗേഷൻ കനാൽ പുറമ്പോക്കിലുമാണ് അനധികൃതനിർമാണം നടത്തിയിരിക്കുന്നത്. വൈസ് ചെയർ മാൻ കെ.വി. പോൾ, പ്രതിപക്ഷനേതാവ് ജിൽ ആന്റണി, കൗൺസിലർമാർ നേതൃത്വം നൽകി.
District News
രാജപുരം: പൂടംകല്ല് -ബളാൽ റോഡിലെ മണിക്കല്ലിൽ പുതിയ പാലത്തിന്റെ നിർമാണത്തിന് എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിച്ചു. നേരത്തേ മൂന്നു കോടി രൂപ വകയിരുത്തിയിരുന്നത് അഞ്ചുകോടിയായാണ് ഉയർത്തിയത്. ആദ്യം അനുവദിച്ച തുക പാലത്തിന്റെ നിർമാണത്തിന് പര്യാപ്തമല്ലെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാന സർക്കാർ അടങ്കൽ തുക ഉയർത്തിയത്.
ഭരണാനുമതി ലഭിച്ച പശ്ചാത്തലത്തിൽ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ വിലയിരുത്താൻ ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.
പൊതുമരാമത്തുവകുപ്പ് ബ്രിഡ്ജസ് വിഭാഗം എൻജിനിയർ കെ. രാജീവൻ, അസി. എൻജിനിയർ ഷബിൽ ചന്ദ്, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത, വൈസ് പ്രസിഡന്റ് എം.എം. സൈമൺ, പഞ്ചായത്തംഗങ്ങളായ സി. രേഖ, ലിറ്റി ജോസ്, പാലം നിർമാണ കമ്മിറ്റി ചെയർമാൻ ടി.കെ. നാരായണൻ, കൺവീനർ ബി. രത്നാകരൻ നമ്പ്യാർ, ഷാലു മാത്യു, കെ. കുഞ്ഞികൃഷ്ണൻ നായർ, രാഘവൻ എന്നിവർ പങ്കെടുത്തു.
District News
രാജപുരം: കാഞ്ഞങ്ങാട് -പാണത്തൂർ മെക്കാഡം ടാറിംഗിന്റെ ഭാഗമായി രാജപുരം ടൗണിൽ പാലങ്കല്ല് റോഡ് മുതൽ ഇലക്ട്രിസിറ്റി ഓഫീസ് വരെയുള്ള ഓട നിർമാണം ഒരു മാസത്തിലധികമായി ഇഴഞ്ഞുനീങ്ങുന്നത് വ്യാപാരികളെയും വിദ്യാർഥികളെയും കടുത്ത ദുരിതത്തിലാഴ്ത്തുന്നു.
കാലവർഷം കനത്തതോടെ പ്രദേശം പൂർണമായും ചെളിക്കുളമായി മാറിയിരിക്കുകയാണ്. ഓടയ്ക്കായി എടുത്ത കുഴികളിൽ മണ്ണ് നിറഞ്ഞ അവസ്ഥയിലാണുള്ളത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ എൻജിനിയറോ സ്ഥലത്തില്ലാതെ കുറച്ച് ഇതരസംസ്ഥാന തൊഴിലാളികളെ മാത്രം വച്ചാണ് നിർമാണം മുന്നോട്ട് കൊണ്ടുപോകുന്നത്. കഴിഞ്ഞദിവസം കൂൾബാറിൽ വന്ന മൂന്നു വയസുള്ള പിഞ്ചുകുട്ടി ഓടയിൽ വീണ് അപകടമുണ്ടായിട്ടും ജനപ്രതിനിധികളോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ പ്രതികരിക്കാൻ തയാറായിട്ടില്ല.
സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ മുൻനിർത്തി ഇനിയൊരു വലിയ അപകടത്തിന് കാത്തുനിൽക്കാതെ അധികൃതർ അടിയന്തരമായി ഇടപെട്ട് നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുപോലെതന്നെ ഈ സംസ്ഥാന പാതയിലെ മറ്റു പല സ്ഥലങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.
District News
അടിമാലി:. കൊച്ചി-ധനുഷ്കോടി ദേശീയപാത 85ന്റെ അശാസ്ത്രീയ നിര്‍മാണത്തിനെതിരേ പരാതിയുമായി നിരവധി കുടുംബങ്ങൾ രംഗത്ത്. ദേശീയപാതയുടെ ഭാഗമായ അടിമാലി മുതൽ മൂന്നാർ വരെയുള്ള പാതയോരത്തെ കുടുംബങ്ങളാണ് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നത്. വഴിയോരങ്ങളിലെ കൂറ്റന്‍ മണ്‍തിട്ടകൾക്കു മുകളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് കടുത്ത മണ്ണിടിച്ചില്‍ ഭീതിയില്‍ കഴിയുന്നത്.
മഴ ശക്തമാകുന്നതോടെ എപ്പോള്‍ വേണമെങ്കിലും മണ്‍തിട്ടകള്‍ ഇടിഞ്ഞുവീഴാമെന്ന അവസ്ഥയാണ്. പല കുടുംബങ്ങളും രാത്രികാലങ്ങളില്‍ ഭയപ്പാടോടെയാണ് കിടന്നുറങ്ങുന്നത്. റോഡിന്റെ സംരക്ഷണഭിത്തി നിര്‍മാണത്തില്‍ വന്‍ അപാകതകളാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷിതമായ പാറയുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷണം ഉറപ്പാക്കുമ്പോള്‍ മണ്തിട്ടകളുള്ള മേഖലകളില്‍ തികച്ചും അശാസ്ത്രീയമായ രീതിയിലാണ് നിര്‍മാണം നടത്തുന്നത്.
ചിലയിടങ്ങളിൽ മണ്‍തിട്ടകള്‍ വിണ്ടുകീറിയ നിലയിലാണ്. മൺതട്ടിയുടെ മുകളിൽ നില്ക്കുന്ന വന്‍ മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യതയും ഏറെയാണ്. 2025ല്‍ അടിമാലി ലക്ഷംവീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം മഴയെത്തുടർന്ന് ലക്ഷംവീട് ഭാഗത്തിനു സമീപം ചെറിയതോതിൽ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്കു പതിച്ചിരുന്നു. ഇതു നേരിയതോതിൽ ഗതാഗത തടസം ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് ഇടവരുത്തി. ഇത്തരം അനിഷ്ടസംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
District News
ചേർത്തല: ദേശീയപാതയുടെ അശാസ്ത്രീയ നിർമാണം മൂലം നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. നഗരസഭ 28-ാം വാർഡിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഹൈവേ പാലത്തിന്റെ നിർമാണത്തിനായി എഎസ് കനാലിന് കുറുകെ നിർമിച്ചിരിക്കുന്ന താത്കാലിക തടയിണ മൂലം കനാലിലെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുന്നതും കാനകൾ അടഞ്ഞതുമാണ് സ്ഥിതി സങ്കീർണമാക്കുന്നതിനു കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
കനാലിന്റെ തീരത്ത് താമസിക്കുന്ന നിരവധിപ്പേരുടെ വീടുകളിലേക്ക് വെള്ളം കയറി. ഇതോടെ ജനജീവിതം ദുരിതപൂർണമായി. മഴ കൂടുതൽ ശക്തമാകുന്നതോടെ മറ്റു പ്രദേശങ്ങളിലേക്കും വെള്ളം കയറുമെന്ന സ്ഥിതിയാണ്. വെള്ളക്കെട്ട് ദുരിതം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ എഎസ് കനാലിന് കുറുകെയുള്ള താത്കാ ലിക തടയിണ അടിയന്തരമായി പൊളിച്ചുനീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്ന് വാർഡ് കൗൺസിലർ അഖിൽ ആഞ്ഞിലിപ്പാലം അവശ്യപ്പെട്ടു.
District News
കാസര്‍ഗോഡ്: ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ കുടിവെള്ള, കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുന്ന പൊതുജനങ്ങള്‍ക്ക് ഇതോടെ വേഗത്തില്‍ സേവനം ലഭ്യമാക്കാന്‍ സാധിക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണ് കാസര്‍ഗോഡ്, കോട്ടയം, കോഴിക്കോട്, എറണാകുളം, പാലക്കാട് ജില്ലകള്‍ക്കായി പുതിയ അത്യാധുനിക കുഴല്‍ക്കിണര്‍ നിര്‍മാണ റിഗുകള്‍ വാങ്ങിയത്.
കാസര്‍ഗോഡ് ജില്ലയ്ക്ക് പുതുതായി അനുവദിച്ച ഈ ഉയര്‍ന്ന മര്ദശേഷിയുള്ള മെഷീന്റെ കമ്മീഷനിംഗ് ട്രയല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനും ജീവനക്കാര്‍ക്ക് പരിശീലനം നല്കുന്നതിനുമായി യന്ത്രം കൊല്ലത്തേക്ക് കൊണ്ടുപോയിരുന്നു. ഭൂജല വകുപ്പിന്റെ സെന്‍ട്രല്‍ വര്‍ക്ക്ഷോപ് ആന്‍ഡ് സ്റ്റാര്‍സ് കൊല്ലത്താണ് പ്രവര്‍ത്തിക്കുന്നത്. പുതിയ യന്ത്രത്തിന്റെ ഡ്രില്ലര്‍, ഡ്രില്ലിംഗ് ക്രൂ തുടങ്ങിയവയുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതും അവിടെ വച്ചാണ്.
ഉയര്‍ന്ന സാങ്കേതികവിദ്യയിലുള്ള ഇത്തരം അത്യാധുനിക കുഴല്‍കിണര്‍ നിര്‍മാണയൂണിറ്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം അത്യന്താപേക്ഷിതമാണ്. ഇതിന്റെ ഭാഗമായി സൂപ്രണ്ടിംഗ് എന്‍ജിനിയറുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥരെ കൊല്ലത്തെ വര്‍ക്ക്ഷോപ് ആന്‍ഡ് സ്റ്റാര്‍സില്‍ പരിശീലനത്തിനായി നിയോഗിച്ചത്. കൊല്ലത്ത് നല്കിയ സാങ്കേതിക പരിശീലനവും യന്ത്രത്തിന്റെ ട്രയല്‍ റണ്ണും നിലവില്‍ വിജയകരമായി പൂര്‍ത്തിയായിട്ടുണ്ട്. ഇതിനു പിന്നാലെ ജില്ലയ്ക്ക് അനുവദിച്ച റിഗ് ലഭ്യമായതായും ജില്ലാ ഓഫീസര്‍ അറിയിച്ചു.
പുതിയ റിഗും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും സജ്ജമായതോടെ വരും ദിവസങ്ങളില്‍ തന്നെ ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മാണപ്രവൃത്തികള്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ഒ. രതീഷ് പറഞ്ഞു.
Business
പരവൂര്‍: രാജ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേഭാരതിന്റെ നിര്‍മാണത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ റെയില്‍വേ.
ചെന്നൈയിലെ ഐസിഎഫിനും കപൂര്‍ത്തലയിലെ ആര്‍സിഎഫിനും പിന്നാലെ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള മോഡേണ്‍ കോച്ച് ഫാക്ടറിയും (എംസിഎഫ്) തങ്ങളുടെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ നിര്‍മിച്ചു.
ഇതോടെ വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മിക്കാനുള്ള ശേഷി റെയില്‍വേയുടെ മൂന്ന് പ്രധാന ഉത്പാദന കേന്ദ്രങ്ങള്‍ക്കും കൈവന്നു. പുതുതായി നിര്‍മിച്ച ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് വന്ദേ ഭാരത് നിര്‍മാണം കൂടുതല്‍ ഫാക്ടറികളിലേക്ക് വ്യാപിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്. 16 കോച്ചുകളുള്ള പുതിയ ട്രെയിനില്‍ നിരവധി സാങ്കേതിക പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രത്യേക എന്‍ജിനുകളുടെ ആവശ്യമില്ലാത്ത ഇഎംയു സാങ്കേതികവിദ്യയിലാണ് ഈ ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. വെറും 140 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ ട്രെയിനിന് സാധിക്കും.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടക്കുക. ഓരോ രണ്ട് കോച്ചുകളിലും 50 ശതമാനം പവേര്‍ഡ് ആക്സിലുകള്‍ നല്കിയിട്ടുള്ളതിനാല് എളുപ്പത്തില്‍ വേഗത കൂട്ടാനും കുറയ്ക്കാനും ഈ ട്രെയിനിന് കഴിയും.
നിലവില്‍ 8, 16, 20 കോച്ചുകളുള്ള മൂന്ന് വ്യത്യസ്ത രീതികളിലാണ് വന്ദേ ഭാരത് സര്‍വീസുകള്‍ നടത്തുന്നത്. 2018നു ശേഷം ഇതുവരെ രാജ്യത്ത് 97 വന്ദേ ഭാരത് ചെയര്‍ കാര്‍ ട്രെയിനുകളാണ് നിര്‍മിച്ചിട്ടുള്ളത്. റായ്ബറേലിയില്‍ നിന്നുള്ള പുതിയ ട്രെയിനുകള്‍ കൂടി എത്തുന്നതോടെ വന്ദേ ഭാരത് ശൃംഖല കൂടുതല്‍ ശക്തമാകും.
District News
ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറയില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനോടുചേര്ന്ന് നിര്‍മിക്കുന്ന ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. മന്ത്രി ആര്. ബിന്ദു അധ്യക്ഷതവഹിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബഹുനിലമന്ദിരം 2024 - 25 സാമ്പത്തിക വര്‍ഷത്തിൽ അനുവദിച്ച 6.5 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മിക്കുന്നത്. ഗ
ജില്ലയിലാകെ സേവനം ലഭ്യമാക്കുന്ന തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനും പൊതുജനങ്ങള്‍ക്ക് അടിയന്തര സേവനങ്ങള്‍ അതിവേഗം ഉറപ്പാക്കുന്ന അടിയന്തര പ്രതികരണ സംവിധാനം (ഇആര്‍എസ്എസ്), കണ്ട്രോള് റൂം എന്നിവ ഈ പുതിയ മന്ദിരത്തിലേയ്ക്കാണ് മാറ്റിസ്ഥാപിക്കുക. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍, തൃശൂര്‍ റേഞ്ച് ഡിഐജി ടി. നാരായണന്, നഗരസഭ കൗണ്‍സിലര്‍ ജോഫി ബോസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ്കുമാര്‍ സംസാരിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാണിത്.
8.73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇരട്ട തുരങ്കപാത പൂർത്തിയാകുന്നതോടുകൂടി കോഴിക്കോട്- വയനാട് ദൂരം 35 കിലോമീറ്ററിന്റെ കുറവും 1.30 മണിക്കുറിന്റെ യാത്ര ദൈർഘ്യം ലാഭിക്കാമെന്നതും പ്രത്യേകതയാണ്. 2134 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ഫണ്ട് കിഫ്ബി വഴി ഉറപ്പാക്കിയതായി കേരള സർക്കാർ വ്യക്തമാക്കി.
ഇന്ത്യയിലെ തന്നെ ദൈർഘ്യമേറിയ രണ്ടാമത്തെ ഇരട്ട ട്യൂബ് ടണലാണ് ഇത്. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം. ഈ പദ്ധതി സാധ്യമാകുന്നതോടെ താമരശേരി ചുരം കയറാതെ വയനാടിന് എത്താം.
കിഫ്ബി വഴി ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ വികസന പദ്ധതികൾക്ക് ധന ലഭ്യത ഉറപ്പാക്കിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
District News
അത്താണി: അത്താണിയിലും മുളങ്കുന്നത്തുകാവിലും കോലഴി ചെന്പിശേരിയിലും വീ പാർക്കിന്റെ നിർമാണത്തിനു തുടക്കം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈൻ ആയി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഡിസൈൻ പോളിസിയുടെ ഭാഗമായി യഥാക്രമം 70.6 ലക്ഷം രൂപയും 55.3 ലക്ഷം രൂപയും 78.7 ലക്ഷം രൂപയും ചെലവിട്ടാണു പാർക്ക് നിർമിക്കുക. മേൽപ്പാലങ്ങൾക്കുതാഴെ ഉപയോഗശൂന്യമായ സ്ഥലങ്ങൾ ജനസൗഹൃദ മാതൃകാകേന്ദ്രങ്ങളാക്കുകയാണു ലക്ഷ്യം.
വർഷങ്ങളായി ഉപയോഗിക്കുന്ന സ്ഥലത്തു പാർക്കുകൾ വരുന്നതു ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി സ്വതന്ത്ര ഡ്രൈവർമാർ രംഗത്തുവന്നു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുമായി നടത്തിയ ചർച്ചയെത്തുടർന്ന് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് ഉദ്ഘാടനം നടന്നത്. നഗരസഭാ ചെയർമാൻ മിനി അരവിന്ദൻ, പി.എൻ. സുരേന്ദ്രൻ, ഷീല മോഹൻ എന്നിവർ പ്രസംഗിച്ചു. പാലത്തിനു താഴെ ടൊയ്ലറ്റ് ബ്ലോക്ക്, കഫെ, ബാഡ്മിന്റണ്‍ കോർട്ട്, വോളിബോൾ കോർട്ട്, സീറ്റിംഗ് എന്നിയടക്കമാണു നിർമാണം.
National
ബംഗളൂരു: കർണാടകയിലെ ഒരു ഗ്രാമത്തിലെ വീടിന്റെ അടിത്തറ നിർമാണത്തിനായി കുഴിക്കുന്നതിനിടെ സ്വർണാഭരണങ്ങളുടെ ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്
ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിലാണ് സംഭവം. തൊഴിലാളികൾ കുഴിച്ചുകൊണ്ടിരുന്നപ്പോൾ സ്വർണാഭരണങ്ങൾ അടങ്ങിയ പുരാതന ചെമ്പ് പാത്രം കണ്ടെത്തുകയായിരുന്നു. മാലകൾ, വളകൾ, മോതിരങ്ങൾ എന്നിവ പാത്രത്തിനുള്ളിൽ നിന്ന് കണ്ടെത്തി.
സ്വർണത്തിന് ഏകദേശം ഒരു കിലോഗ്രാം ഭാരമുണ്ടെന്നും ഏകദേശം 60-70 ലക്ഷം രൂപ വിലയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആഭരണങ്ങൾ സർക്കാർ ട്രഷറിയിലേക്ക് മാറ്റി.
District News
പെരിന്തൽമണ്ണ: രാജ്യത്തെ നഗരങ്ങളിൽ വലിയ കെട്ടിടങ്ങളുടെ നിർമാണത്തിനായി നൽകുന്ന ഇളവുകൾ കേരളത്തിലും നടപ്പാക്കാൻ അധികൃതർ തയാറാകണമെന്ന് ലെൻസ്ഫെഡ് ഓപ്പണ്‍ ഫോറം ആവശ്യപ്പെട്ടു.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ടൗണ്‍ സ്ക്വയറിൽ കെട്ടിട നിർമാണ നിയമങ്ങളും പൊതുസമൂഹവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ വൈസ് ചെയർപേഴ്സണ്‍ എം.ബി. ഫസൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അമീർ പാതാരി അധ്യക്ഷത വഹിച്ചു. ലെൻസ്ഫെഡ് സംസ്ഥാന ബിൽഡിംഗ് റൂൾ കമ്മിറ്റി കണ്‍വീനർ എൻജിനീയർ ജാബിർ വിഷയാവതരണം നടത്തി. കൗണ്‍സിലർ രാഹുൽ, പി.ടി.എസ്. മൂസ, ടാലന്റ് ലത്തീഫ്, മണികണ്ഠൻ കൊളത്തൂർ, സുൽഫിക്കർ, എ.പി. സുലൈമാൻ,സംസ്ഥാന ജോയിന്റ് സെക്രട്ടറി സലിൽ കുമാർ, ജില്ലാ സെക്രട്ടറി വി.കെ.എ. റസാഖ്, ട്രഷറർ ജാഫറലി, പി.ആർ.അരുണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കാട്ടാക്കട: കാട്ടാക്കടയിലെ പുതിയ കോടതി സമുച്ചയ നിർമാണ പ്രവൃത്തികൾ വിലയിരുത്താൻ ജുഡീഷ്യൽ ഓഫീസർമാരെത്തി. കോടതി സമുച്ചയ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ചു.
ജില്ല ജഡ്ജി സി. രമേഷ്കുമാർ, കാട്ടാക്കട ജുഡീഷൽ മജിസ്ട്രേറ്റ് ശിവ ശരത്ത്, ഐ.ബി.സതീഷ് എംഎൽഎ എന്നിവരാണ് മരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥരുമൊത്ത് നിർമാണം പുരോഗമിക്കുന്ന കോ ടതി സമുച്ചയത്തിലെത്തിയത്.
ഒന്നാംഘട്ടം പൂർത്തിയായ മന്ദിരത്തിൽ കോടതി മുറികൾ, കോർട്ട് ഹാൾ, തൊണ്ടിമുറി തുടങ്ങിയവയുടെ സൗകര്യങ്ങൾ വിലയിരുത്തി. 20.84 കോടി രൂപ വിനിയോഗിച്ചാണ് ആറുനിലകളുള്ള കോടതി സമുച്ചയം നിർമിക്കുന്നത്. 4342.12 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സമുച്ചയത്തിൽ അഞ്ചു കോടതികൾക്ക് പ്രവർത്തിക്കാം. ആദ്യഘട്ടം നിർമാണം പൂർത്തിയായി.
ശേഷിക്കുന്ന നിർമാണം ഏപ്രിലിൽ പൂർത്തിയാക്കാനാകുമെന്നു മരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യ ഘട്ടത്തിലെ രണ്ടു നിലകൾ പൂർണമായി പ്രവർത്തന സജ്ജമായതിനാൽ മജിസ്ട്രേട്ട് കോടതി പുതിയ മന്ദിരത്തിലേക്ക് മാറ്റാൻ തടസമുണ്ടാകില്ല. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓഗസ്റ്റ് വരെയാണ് നിർമാണ കാലാവധി.
സമുച്ചയത്തിൽ ആറു കോടതികൾക്കു പ്രവർത്തിക്കാനുള്ള സൗകര്യമുണ്ട്. പുതിയ സമുച്ചയം പൂർത്തിയാകുന്നതോടെ കാട്ടാക്കടയ്ക്ക് അനുവദിച്ച കോടതികൾ വീണ്ടും കാട്ടാക്കടയിലേക്കു കൊണ്ടുവരാനാകുമെന്നു ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഹൈക്കോടതി അംഗീകരിച്ച രൂപരേഖ അനുസരിച്ചാണു നിർമാണം. പ്രോസിക്യൂട്ടർ ഓഫീസും സൗകര്യവും ഒരുക്കാൻ ഹൈക്കോടതി അനുവദിച്ചാൽ തയാറാണെന്നു മരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. ജംഗ്ഷനിലെ വാടക കെട്ടിടത്തിലുള്ള മുറിയിലാണ് പ്രോസിക്യൂട്ടർ ഓഫീസ് പ്രവർത്തിക്കുന്നത്.
District News
മട്ടന്നൂർ: റവന്യുടവറിന് സമീപം വനിതാ ഹോസ്റ്റലിന്റെ നിർമാണം തുടങ്ങി. 46 സെന്റ് സ്ഥലത്ത് 14.44 കോടിരൂപ ചെലവഴിച്ചാണ് വനിതാ ഹോസ്റ്റലിനുവേണ്ടി മൂന്നു നിലക്കെട്ടിടം നിർമിക്കുന്നത്. വിമാനത്താവള നഗരമായ മട്ടന്നൂരിൽ വനിതാ ജീവനക്കാരുടെയും വിദ്യാർഥികളുടെയും വർധിച്ചുവരുന്ന താമസ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് വർക്കിംഗ് വുമൺസ് ഹോസ്റ്റൽ പണിയുന്നത്.
106 പേർക്ക് താമസിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ടാകും. സംസ്ഥാന ഭവന നിർമാണ ബോർഡ് മുഖേനയാണ് നിർമാണ പ്രവൃത്തി നടത്തുന്നത്. ഒന്നരവർഷം കൊണ്ടാണ് പണി പൂർത്തിയാക്കേണ്ടത്. താഴത്തെ നിലയിൽ വാഹന പാർക്കിംഗ് സൗകര്യവും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുമുണ്ടാകും.
ഒന്നാം നിലയിൽ ആറു കിടപ്പുമുറികൾ, അംഗപരിമിതർക്കുള്ള മുറി, ഇൻഡോർ ഗെയിം, വാർഡനുള്ള മുറി, ഡേ കെയർ സെന്റർ, ഡൈനിംഗ് റൂം, ലോബി, ഓഫീസ് ഏരിയ, അടുക്കള, വർക്ക് ഏരിയ, സെക്യൂരിറ്റി കാബിൻ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടും മൂന്നും നിലകളിലായി കിടപ്പു മുറികൾ, ഡോർമെറ്ററി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
2022ലെ സംസ്ഥാന ബജറ്റിലാണ് മട്ടന്നൂരിൽ വനിതാ ഹോസ്റ്റൽ നിർമാണത്തിന് പണം നീക്കിവച്ചത്. വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരാണ് മട്ടന്നൂർ നഗരത്തിൽ താമസ സൗകര്യം തേടി എത്തുന്നത്. നിരവധി വൻകിട-ചെറുകിട ഹോട്ടലുകളും ഹോം സ്റ്റേ സൗകര്യങ്ങളും പുതുതായി തുടങ്ങിയിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ചും പലരും താമസ സൗകര്യങ്ങൾ ഒരുക്കി നൽകുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ഉരുവച്ചാലിൽ വനിതാ ഹോസ്റ്റലുണ്ട്.
റവന്യുടവർ, സ്പെഷാലിറ്റി ആശുപത്രി എന്നിവയ്ക്ക് സമീപത്തായാണ് വനിതാ ഹോസ്റ്റലും നിർമിക്കുന്നത്. അഡീഷണൽ ജില്ലാ ട്രഷറി കെട്ടിടവും പരിസരത്തുണ്ട്. ആശുപത്രിയുടെയും ഹോസ്റ്റലിന്റേയും പ്രവൃത്തി പൂർത്തിയാകുന്നതോടെ മട്ടന്നൂർ ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്ന കേന്ദ്രമായി മാറും.
Kerala
കൊച്ചി:ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഉറപ്പാക്കിയ ശേഷം മാത്രമേ ഗർഡർ ഉയർത്തി സ്ഥാപിക്കു എന്ന് തീരുമാനം. അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് നടപടി.
അപകടത്തിൽ നിർമാണ കമ്പനിക്ക് വീഴ്ച പറ്റിയതായി ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗം വിലയിരുത്തി. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയും മേൽനോട്ടത്തോടെയും മാത്രമേ ഇനിയുള്ള നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കൂ എന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു.
ഉയരപ്പാതയിൽ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്ന സമയത്ത് പോലീസ് സഹായത്തോടെ ഗതാഗത ക്രമീകരണവും വഴി തിരിച്ചു വിടലും ഉൾപ്പെടെ നടത്തിയ ശേഷം മാത്രമേ പ്രവർത്തനങ്ങൾ ആരംഭിക്കാവൂ എന്ന് ജില്ലാ കളക്ടർ ദേശീയപാത അധികൃതർക്ക് കർശന നിർദേശം നൽകി.
ഈ സമയത്ത് വാഹനഗതാഗതം തടയുന്നതിന് കൃത്യമായി ബാരിക്കേഡുകൾ സ്ഥാപിക്കണം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ ഷെഡ്യൂൾ ഒരാഴ്ച മുൻപ് തന്നെ തയാറാക്കി നിർമാണ കമ്പനി പോലീസിന് നൽകണം. ഇതിനനുസൃതമായി പോലീസ് ഗതാഗത ക്രമീകരണം നടത്തും.
സുരക്ഷാ ഓഡിറ്റിംഗ് നടത്തുന്നതിനുള്ള റൈറ്റ്സ് സംഘം നാളെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും. അവരുടെ നിർദേശങ്ങൾ അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
കൂടാതെ ദേശീയപാത അതോറിറ്റിയിലെ വിദഗ്ധരായ എ.കെ ശ്രീവാസ്തവ,അശോക് കുമാർ മാത്തൂർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ പരിശോധന ആരംഭിച്ചതായി ദേശീയപാത അധികൃതർ യോഗത്തെ അറിയിച്ചു.